Friday, December 09, 2011

കവി

കവി..

അയാള്‍ എഴുതുകയാണ്.

മുനിഞ്ഞു കത്തുന്ന റാന്തല്‍ 

വിളക്കിന്റെ ചില്ലുകളില്‍ 

മഴ ചില്ലുകള്‍ 

വിള്ളലുകള്‍ വീഴ്ത്തി.

കടലാസിലെ

നീല അക്ഷരങ്ങളെ

വികൃതമാക്കി
.
മഴത്തുള്ളികള്‍

ഓല മേല്‍ക്കൂരയില്‍

തട്ടി തടഞ്ഞു

വിടവിലൂടോഴുകി

പിന്നെയും താഴോട്ടു പതിച്ചു

ചാണകം മെഴുകിയ

കറുത്ത തറയില്‍

ഓണ പൂക്കളം തീര്‍ത്തു.

അവ്യക്തമായ കണ്ണട

തുടച്ചു കൊണ്ടയാള്‍ എഴുതി.

മഴയെ സ്നേഹിച്ചു

കൊണ്ടൊരു കവിത.

മഴത്തുള്ളികള്‍ അയാളുടെ

സ്വപ്നത്തിന്റെ

ചിറകുകള്‍ ആണത്രേ.

അന്ധകാരവും നിലാവും

അയാളുടെ അവകാശമാണത്രെ..

മഴപാറ്റകള്‍ അയാളുടെ

കൂട്ടുകാരാണ്‌ പോലും.

കാര്‍മേഘങ്ങള്‍ അയാള്‍ക്ക്‌

വഴികാട്ടുന്നു.

എങ്കിലും എങ്കിലും..

ജീവിതത്തിന്റെ

കറുത്ത പുകച്ചുരുളുകള്‍

അയാളെ അസ്വസ്ഥനാക്കുന്നു.

മഴപാറ്റയെ

ചിറകറ്റ പുഴുവാക്കുന്നു.

വെളിച്ചത്തിനായ്‌

കേഴുന്ന തടവുകാരന്‍

ആകുന്നു കവി.

Friday, October 28, 2011

വാല്‍മീകി

മൌനത്തിന്റെ വല്‍മീകങ്ങള്‍

എന്നെ മൂടുമ്പോള്‍

കണ്ണുകളില്‍ പ്രത്യാശയുടെ തിളക്കം

നീ കണ്ടിരുന്നു.

ആ തിളക്കത്തെ 

ജിജ്ഞാസയുടെ മുള്‍മുനയാല്‍

നീ കുത്തി കെടുത്തി.. 

ചുവന്ന ഇരുട്ടില്‍ 

നിനക്ക് വെളിച്ചമേകാന്‍

ഹൃദയത്തില്‍ കൊളുത്തിയ 

മണ്‍ചിരാതുകളും 

താനേ അണഞ്ഞു പോയി..

നൊമ്പരത്തിന്റെ തീക്കനലുകള്‍ 

എരിയുന്ന മനസ്സിനെ 

സാന്ത്വനത്തിന്റെ...

സാമിപ്യത്തിന്റെ...

നീരുറവകളാല്‍ തണുപ്പിക്കുമെന്ന് 

വെറുതെ ആശിച്ചു. 

ഋതുക്കള്‍ തിമിര്‍ത്താടി.

വല്‍മീകങ്ങള്‍ അലിഞ്ഞു പോയി.. ‍ 

എങ്കിലും നീ വരുമെന്ന്..

ശിശിരത്തില്‍ വിറങ്ങലിച്ച

ദേഹത്തെ പുല്കുമെന്നു 

വെറുതെ...വെറുതെ മോഹിച്ചു..




Monday, June 20, 2011

കാന്താരീ വിലാപം



കാന്താരീ 
നിന്നെ അങ്ങനെ പലരും വിളിച്ചപ്പോള്‍
എനിക്ക് ദേഷ്യമായിരുന്നു.
പഴം കഞ്ഞിയില്‍ കാ‍ന്താരി മുളക്
ചേര്‍ത്ത് കഴിക്കുമ്പോള്‍..
എന്റെ നാവില്‍ ഓളം തല്ലിയത്‌
യമുനാ നദി..
കാന്താരി മുളകിനും  പഴം കഞ്ഞിയ്ക്കും
എന്റെ വീട്ടില്‍ ഭ്രഷ്ട്ട്.
പാവപ്പെട്ടന്റെ ഭക്ഷണം ആണത്രെ.
നിന്റെ വീട്ടില്‍ നിന്നും കിട്ടിയ
പഴം കഞ്ഞിയും കാ‍ന്താരി മുളകും,
വയറു നിറയെ കഴിച്ചു 
വീട്ടിലെത്തുമ്പോള്‍ എനിക്കെന്തോ
വല്ലായ്മ...
നിന്റെ പ്രണയ ലേഖനങ്ങളില്‍
ഞാന്‍ രുചിച്ചത് മധുരത്തെക്കാള്‍
കൊതിച്ച എരിവു തന്നെ.
ഒടുവുല്‍  ഒരു കാന്താരിചെടിയായി
ആരുടെയോ നാവിലെ രുചിയായി 
നീ മാറിയപ്പോള്‍... 
അകലെ, ഓര്‍മകളില്‍ 
കാ‍ന്താരി മുളകിന്റെ നീറ്റലും
കണ്ണുകളില്‍ 
മണല്‍ തരികളേല്‍പ്പിച്ച
മുറിവുമായ്‌ ഞാനും..

Friday, June 10, 2011

നിശീഥിനി

നീല നിലാവിന്‍ പുഞ്ചിരി
വെട്ടം പടരും നിശീഥിനിയില്‍
കടവത്ത് നിന്നാരോ തേങ്ങുന്നു
ചുഴികളില്‍ പിടയുന്ന ആത്മാവാവാം.

അകലെ കേള്‍ക്കുന്നു വനരോദനം
സിംഹത്തിന്‍ കയ്യില്‍പ്പെട്ട മാന്‍പേടയാവാം.
അകലെ ‍നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നു,
മിഴികളില്‍ വിരഹ ദുഖത്തിന്‍ ‍
പ്രവാഹമാവാം.
അകലെ ഏതോ രാക്കിളി പാടുന്നു
ഇണയുടെ വേര്‍പാടിന്‍ ശോക രാഗമാവാം.
മുറ്റത്ത്‌ കരിമൂര്‍ഖന്‍ ആരെയോ
ദംശിക്കാനൊരുങ്ങുന്നു,
വിഷ സഞ്ചി നിറഞ്ഞു കവിഞ്ഞതാവാം.
മുല്ല മൊട്ടുകള്‍ ഉറക്കത്തില്‍ മന്ദഹസിക്കുന്നു,
പുലരിയെ കുറിച്ച് സ്വപ്നം കാണുകയാവാം.
കണ്ണുകളില്‍ ചായകൂട്ടുകള്‍ പടര്‍ത്തുന്നു നിദ്ര
വരകളില്‍ വര്‍ണമായ് ഞാന്‍ അലിയുകയാവാം.

Tuesday, May 31, 2011



അങ്കം



അങ്കത്തട്ട്..
ഞാന്‍ ചുരിക വീശി.
അരക്കച്ച തൊട്ടു നോക്കി.
ഭദ്രമെന്നുറപ്പ് വരുത്തി.
സ്നേഹിതനും വീശി.
ചുരിക ശൌര്യത്തോടെ.
കണ്ണുകളില്‍ കനലെരിയുന്നു.
മിഴികള്‍ താഴ്ത്തി
ഞാന്‍..
നാടുവാഴികളുടെ മിഴികളില്‍ 
ക്രൌര്യം നിഴലിക്കുന്നു.
അടവുകള്‍ പിഴക്കാതെ 
കാലത്തിന്റെ ബലിക്കല്ലുകള്‍ തേടി
മനസ്സ് യാത്രയായി.
വഴിയോരകാഴ്ചകളില്‍ കണ്ടത്
രക്ത വര്‍ണാങ്കിത ലിപികള്‍.
അറ്റ് പോയ ദേഹത്തെ നോക്കി 
വിറയാര്‍ന്ന ശിരസ്സില്‍
അവസാന നിശ്വാസം.
കണ്ണുകളില്‍ പടര്‍ന്ന 
ചുവന്ന ചായക്കൂട്ടുകള്‍.
അസ്തമയത്തിനു സമയമായി.
കൈകള്‍ ഉയര്‍ത്തി
അട്ടഹസിക്കുന്ന സ്നേഹിതന്‍.

Saturday, May 07, 2011

വടക്കന്‍

ദിക്കില്‍ ഞാന്‍ വടക്ക്..
വടക്കോട്ടാണെന്റെ വീടിന്‍ മുഖം.
വിളക്കിന്‍ തിരിനാളവും വടക്കോട്ട്‌.
വികൃതമാണ് എന്റെ ഭാഷ,
തെക്കുള്ളവര്‍ ചിരിക്കുന്നു..
ഇലയില്‍ ചോറ് വിളമ്പിയപ്പോള്‍
സാമ്പാര്‍ ഒഴിക്കാന്‍
കുഴി ഉണ്ടാക്കിയപ്പോള്‍
അവര്‍ വീണ്ടും ചിരിച്ചു.
കല്യാണ സദ്യയില്‍ പരിപ്പ്
വിളമ്പാതിരുന്നപ്പോഴും,
പായസം ഗ്ലാസില്‍
ഒഴിച്ചപ്പോഴും അവര്‍ ചിരിച്ചു.
ജീവിതയാത്രയില്‍
ദിശയറിയാതെ
ലകഷ്യമറിയാതെ
വലഞ്ഞപ്പോള്‍,
വടക്കോട്ട്‌ പോവാന്‍ പറഞ്ഞ
വടക്ക് നോക്കി യന്ത്രം.
യമുനയുടെ വടക്കേകരയില്‍
ഇരുന്നപ്പോള്‍
ഞാനും തെക്കനായി.
എന്റെ നെടുവീര്‍പ്പുകള്‍
ഏറ്റു വാങ്ങാതെ
പുടവയും ഞൊറിഞ്ഞു
അവള്‍ ഒഴുകി...
അവളില്‍ അലിയാന്‍
കൊതിക്കുമ്പോള്‍
വീടിന്റെ തെക്കേ ഭാഗത്ത്‌
എന്നെയും കാത്തിരിക്കുന്ന
പൂക്കാത്ത മാവ്,
ഒരു ചിതയായി
എന്നിലെരിയുന്നത്
ഞാന്‍ അറിഞ്ഞു..

Monday, April 25, 2011

കാളിയന്‍

കാളിന്ദി തീരം..
കൊടും വിഷം
വിഷ സഞ്ചിയില്‍ നിറച്ചു
ശീല്കാരം പുറപ്പെടുവിച്ചു
ഒരായിരം കാളിയന്മാര്‍..
അവര്‍ ചീറ്റുന്ന
വിഷ ജ്വാലകളില്‍
ഇടയന്മാരും,
കന്നുകാലികളും
എരിഞ്ഞടങ്ങി.
ഗോപ സ്ത്രീകളുടെ
ഗര്‍ഭ പാത്രങ്ങളില്‍
ജീവന്റെ തുടിപ്പുകള്‍
തേങ്ങിക്കരഞ്ഞു.
രാജകൊട്ടാരം..
തിങ്ങികൂടിയ പ്രജകള്‍..
പരിദേവനങ്ങള്‍...
അവര്‍ക്ക് മുന്‍പില്‍
ചക്രവര്‍ത്തിയുടെ  കണ്ണുകള്‍
തിളങ്ങി..
ദ്രംഷ്ടകളില്‍ നിന്നോഴുകിയ
വിഷലിപ്ത കാളിന്ദിയില്‍
അലിഞ്ഞില്ലതാവുമ്പോഴും 
ഓടക്കുഴല്‍ നാദത്തിനായ്
അവര്‍ കാതോര്‍ത്തു..

Friday, February 04, 2011

ഭാവന


ഇന്നലെ ചാറ്റ് ചെയ്തപ്പോള്‍
നീ പറഞ്ഞില്ലേ എഴുതാന്‍..
ചാറ്റല്‍ മഴയുടെ കുളിര്‍മയുള്ള
നഷ്ടബാല്യത്തെ കുറിച്ച്.
കറുത്ത ബ്ലോഗ്‌ പേജിന്‍റെ
വെളുത്ത ജാലകം ഞാന്‍ തുറന്നു.
സ്മൃതികളില്‍ തെളിയുന്നതതെന്ത്‌ ?
പിച്ച വച്ചു നടന്നപ്പോള്‍
കമിഴ്ന്നു വീണ ശൈശവം.
സ്വാന്തനങ്ങളില്‍, പാല്‍മഴകളില്‍..
താരാട്ടു കേട്ടുറങ്ങിയത്‍
(ഓര്‍മയില്‍ നില്‍ക്കാത്ത ശൈശവം
മനസ്സില്‍ കോറിയ മായാചിത്രങ്ങള്‍)
താമരക്കുളത്തില്‍ റ വട്ടത്തില്‍
നീന്താന്‍ പഠിക്കുമ്പോള്‍
വെള്ളം കുടിച്ചതും
വാഴപൂവുകള്‍ അടര്‍ത്തി
തേന്‍ കുടിച്ചതും
എല്ലാവരും എഴുതുന്നതല്ലേ
എന്ന് നീയും ചോദിക്കും.
നിന്നെ ആശ്ചര്യപെടുത്താന്‍
ഒന്നുമില്ല എന്റെ ഭാവനയില്‍.
ബാല്യകാലത്തിന്‍റെ താളുകള്‍
ചിതലരിച്ചിരിക്കുന്നു.
വികലമായ അക്ഷരങ്ങള്‍.
അവയ്ക്കിടയിലെ ജാലകങ്ങളില്‍
നിന്‍റെ നിഷ്കളങ്കത.
മേശപ്പുറത്തിരിക്കുന്ന
കണ്ണീര്‍ വറ്റിയ ഒരു പേന
എന്നെ നോക്കി ചിരിക്കുന്നു
അതിനുമുണ്ടായിരുന്നു
താരാട്ടു പാടിയ കൈകളില്‍
ഉറക്കം നടിച്ച ശൈശവവും,
പിന്നെ കുസൃതികള്‍ക്ക്
കൂട്ട് നിന്ന ബാല്യവും.

Tuesday, January 25, 2011

മത്സ്യ കന്യക

ഞാന്‍ നീന്തുകയാണ് സാഗര നടുവില്‍
കൈകാലുകള്‍ തളരുന്നു ..
കണ്ണുകളില്‍ കറുത്ത ചായം പടരുന്നു ..
ശ്വാസനാളങ്ങളില്‍ പരല്‍മീനുകള്‍ പിടയ്ക്കുന്നു ..
തിരമാലകള്‍ എന്നെ താരാട്ടു പാടി ..
നിദ്രയുടെ അഗാധതയിലേക്ക്‌ ഞാനൂളിയിട്ടു
മിഴികളില്‍ വര്‍ണ കൂട്ടുകള്‍ നിറഞ്ഞു ..
കാതില്‍ മുഴങ്ങുന്ന ശ്രീരാഗങ്ങള്‍ . .
വ്ര്‍ണചിത്രങ്ങളെ തോഴിമാരാക്കി അവള്‍ വന്നു ..
വശ്യതയെ മിഴികളില്‍ ബന്ദിച്ച മത്സ്യകന്യക
കിന്നാരം പറഞ്ഞവള്‍ എന്റെ ചുറ്റും നീന്തി...
കിന്നര തുല്യനായി ഞാനും
പവിഴപുറ്റുകള്‍ നിറഞ്ഞ നീലിമയില്‍ …
യാമങ്ങള്‍ കടന്നുപോയതരിയാതെ ഞങ്ങള്‍...
മൂന്നാം ദിവസം അവള്‍ മൊഴിഞ്ഞു..
"സമയമായ്..നിനക്ക് തിരിച്ചു പോകാം"
ഉത്തരങ്ങള്‍ തേടുന്ന മിഴികളില്‍ ചുംബിച്ച്
കുസ്രിതി നിറഞ്ഞ സ്വരത്തിലവള്‍ പറഞ്ഞു
"ഇതാണ് എന്റെ ലോകത്തിന്‍ നിയമം
മൂന്നാം നാള്‍ തിരിച്ചു പോകണം-
കരയിലെ സ്നേഹ നാടകങ്ങള്‍ കാണാന്‍".

Wednesday, January 19, 2011

ഓട്ടം

ഞാന്‍ ഓടുകയാണ് മുന്നില്‍
തളര്‍ന്ന കാലുകള്‍ ഏന്തി..
അവരോടുകയാണ് പിന്നില്‍
തളരാത്ത കാലുകള്‍ അമര്‍ത്തി ചവിട്ടി...


എന്തിനാണവര്‍ എന്നെ ഓടിക്കുന്നത്?
ഉത്തരം തേടാന്‍ സമ്മതിക്കാത്ത സമയം..
തളര്‍ന്ന കാല്‍പാദങ്ങളില്‍ രക്തം കിനിയുന്നു...
പാതകളില്‍ വിടരുന്ന രക്ത പുഷ്പങ്ങള്‍


ഒടുവില്‍ ഞാന്‍ കണ്ടു എന്‍ മുന്നില്‍...
ആരോ ഓടുന്നു പ്രാണ ഭീതിയോടെ...
ഒപ്പമെത്തിയ എന്നില്‍ നിന്നുയര്‍ന്നു...
കിതപ്പില്‍ മുറിഞ്ഞ ചോദ്യങ്ങള്‍...


എവിടെയ്ക്കാണീ പ്രാണ പ്രയാണം ???
നിര്‍ത്താതെ വയ്യല്ലോ ഒരു നാള്‍
‍കൈകള്‍ മുന്നോട്ടു ചൂണ്ടിക്കൊണ്ട്
കൂടുതല്‍ വേഗതയിലോടി അയാള്‍...


വിയര്‍പ്പിറങ്ങി കലങ്ങിയ കണ്ണുകളോടെ
കണ്ടു ഞാന്‍ വേറൊരാള്‍ ഓടുന്നു മുന്നില്‍.
ചോദ്യങ്ങളുടെ വാളുമുയര്ത്ത്തിപ്പിടിച്ചു
ഓടി ഞാന്‍ തളര്ച്ചയരിയാത്ര യന്ത്രം പോലെ ...

Pages

Search This Blog

Blogger Widgets