Saturday, May 07, 2011

വടക്കന്‍

ദിക്കില്‍ ഞാന്‍ വടക്ക്..
വടക്കോട്ടാണെന്റെ വീടിന്‍ മുഖം.
വിളക്കിന്‍ തിരിനാളവും വടക്കോട്ട്‌.
വികൃതമാണ് എന്റെ ഭാഷ,
തെക്കുള്ളവര്‍ ചിരിക്കുന്നു..
ഇലയില്‍ ചോറ് വിളമ്പിയപ്പോള്‍
സാമ്പാര്‍ ഒഴിക്കാന്‍
കുഴി ഉണ്ടാക്കിയപ്പോള്‍
അവര്‍ വീണ്ടും ചിരിച്ചു.
കല്യാണ സദ്യയില്‍ പരിപ്പ്
വിളമ്പാതിരുന്നപ്പോഴും,
പായസം ഗ്ലാസില്‍
ഒഴിച്ചപ്പോഴും അവര്‍ ചിരിച്ചു.
ജീവിതയാത്രയില്‍
ദിശയറിയാതെ
ലകഷ്യമറിയാതെ
വലഞ്ഞപ്പോള്‍,
വടക്കോട്ട്‌ പോവാന്‍ പറഞ്ഞ
വടക്ക് നോക്കി യന്ത്രം.
യമുനയുടെ വടക്കേകരയില്‍
ഇരുന്നപ്പോള്‍
ഞാനും തെക്കനായി.
എന്റെ നെടുവീര്‍പ്പുകള്‍
ഏറ്റു വാങ്ങാതെ
പുടവയും ഞൊറിഞ്ഞു
അവള്‍ ഒഴുകി...
അവളില്‍ അലിയാന്‍
കൊതിക്കുമ്പോള്‍
വീടിന്റെ തെക്കേ ഭാഗത്ത്‌
എന്നെയും കാത്തിരിക്കുന്ന
പൂക്കാത്ത മാവ്,
ഒരു ചിതയായി
എന്നിലെരിയുന്നത്
ഞാന്‍ അറിഞ്ഞു..

4 comments:

രമേശ്‌ അരൂര്‍ said...

അവസാനം എല്ലാവരും തെക്കരാകും ..വടക്കൂന്നു ഉള്ളവരും ..തെക്കോട്ട് എടുക്കുമ്പോള്‍

Satheesan Kaiprath said...

അതെ..തെക്ക് തന്നെയാണ് നല്ലത്..

girishvarma balussery... said...

അവസാനം തെക്കോട്ടേക്ക് തന്നെയെന്നു ആര്‍ക്കും അറിയാം.....അപ്പോള്‍ അതോര്‍ക്കേണ്ട . വടക്കനായിതന്നെ ഇരിക്കട്ടെ. ആശംസകള്‍

Unknown said...

വടക്കിരുന്നു സംസാരിക്കാം .........

Pages

Search This Blog

Blogger Widgets