Tuesday, May 31, 2011



അങ്കം



അങ്കത്തട്ട്..
ഞാന്‍ ചുരിക വീശി.
അരക്കച്ച തൊട്ടു നോക്കി.
ഭദ്രമെന്നുറപ്പ് വരുത്തി.
സ്നേഹിതനും വീശി.
ചുരിക ശൌര്യത്തോടെ.
കണ്ണുകളില്‍ കനലെരിയുന്നു.
മിഴികള്‍ താഴ്ത്തി
ഞാന്‍..
നാടുവാഴികളുടെ മിഴികളില്‍ 
ക്രൌര്യം നിഴലിക്കുന്നു.
അടവുകള്‍ പിഴക്കാതെ 
കാലത്തിന്റെ ബലിക്കല്ലുകള്‍ തേടി
മനസ്സ് യാത്രയായി.
വഴിയോരകാഴ്ചകളില്‍ കണ്ടത്
രക്ത വര്‍ണാങ്കിത ലിപികള്‍.
അറ്റ് പോയ ദേഹത്തെ നോക്കി 
വിറയാര്‍ന്ന ശിരസ്സില്‍
അവസാന നിശ്വാസം.
കണ്ണുകളില്‍ പടര്‍ന്ന 
ചുവന്ന ചായക്കൂട്ടുകള്‍.
അസ്തമയത്തിനു സമയമായി.
കൈകള്‍ ഉയര്‍ത്തി
അട്ടഹസിക്കുന്ന സ്നേഹിതന്‍.

Saturday, May 07, 2011

വടക്കന്‍

ദിക്കില്‍ ഞാന്‍ വടക്ക്..
വടക്കോട്ടാണെന്റെ വീടിന്‍ മുഖം.
വിളക്കിന്‍ തിരിനാളവും വടക്കോട്ട്‌.
വികൃതമാണ് എന്റെ ഭാഷ,
തെക്കുള്ളവര്‍ ചിരിക്കുന്നു..
ഇലയില്‍ ചോറ് വിളമ്പിയപ്പോള്‍
സാമ്പാര്‍ ഒഴിക്കാന്‍
കുഴി ഉണ്ടാക്കിയപ്പോള്‍
അവര്‍ വീണ്ടും ചിരിച്ചു.
കല്യാണ സദ്യയില്‍ പരിപ്പ്
വിളമ്പാതിരുന്നപ്പോഴും,
പായസം ഗ്ലാസില്‍
ഒഴിച്ചപ്പോഴും അവര്‍ ചിരിച്ചു.
ജീവിതയാത്രയില്‍
ദിശയറിയാതെ
ലകഷ്യമറിയാതെ
വലഞ്ഞപ്പോള്‍,
വടക്കോട്ട്‌ പോവാന്‍ പറഞ്ഞ
വടക്ക് നോക്കി യന്ത്രം.
യമുനയുടെ വടക്കേകരയില്‍
ഇരുന്നപ്പോള്‍
ഞാനും തെക്കനായി.
എന്റെ നെടുവീര്‍പ്പുകള്‍
ഏറ്റു വാങ്ങാതെ
പുടവയും ഞൊറിഞ്ഞു
അവള്‍ ഒഴുകി...
അവളില്‍ അലിയാന്‍
കൊതിക്കുമ്പോള്‍
വീടിന്റെ തെക്കേ ഭാഗത്ത്‌
എന്നെയും കാത്തിരിക്കുന്ന
പൂക്കാത്ത മാവ്,
ഒരു ചിതയായി
എന്നിലെരിയുന്നത്
ഞാന്‍ അറിഞ്ഞു..

Pages

Search This Blog

Blogger Widgets