Friday, February 04, 2011

ഭാവന


ഇന്നലെ ചാറ്റ് ചെയ്തപ്പോള്‍
നീ പറഞ്ഞില്ലേ എഴുതാന്‍..
ചാറ്റല്‍ മഴയുടെ കുളിര്‍മയുള്ള
നഷ്ടബാല്യത്തെ കുറിച്ച്.
കറുത്ത ബ്ലോഗ്‌ പേജിന്‍റെ
വെളുത്ത ജാലകം ഞാന്‍ തുറന്നു.
സ്മൃതികളില്‍ തെളിയുന്നതതെന്ത്‌ ?
പിച്ച വച്ചു നടന്നപ്പോള്‍
കമിഴ്ന്നു വീണ ശൈശവം.
സ്വാന്തനങ്ങളില്‍, പാല്‍മഴകളില്‍..
താരാട്ടു കേട്ടുറങ്ങിയത്‍
(ഓര്‍മയില്‍ നില്‍ക്കാത്ത ശൈശവം
മനസ്സില്‍ കോറിയ മായാചിത്രങ്ങള്‍)
താമരക്കുളത്തില്‍ റ വട്ടത്തില്‍
നീന്താന്‍ പഠിക്കുമ്പോള്‍
വെള്ളം കുടിച്ചതും
വാഴപൂവുകള്‍ അടര്‍ത്തി
തേന്‍ കുടിച്ചതും
എല്ലാവരും എഴുതുന്നതല്ലേ
എന്ന് നീയും ചോദിക്കും.
നിന്നെ ആശ്ചര്യപെടുത്താന്‍
ഒന്നുമില്ല എന്റെ ഭാവനയില്‍.
ബാല്യകാലത്തിന്‍റെ താളുകള്‍
ചിതലരിച്ചിരിക്കുന്നു.
വികലമായ അക്ഷരങ്ങള്‍.
അവയ്ക്കിടയിലെ ജാലകങ്ങളില്‍
നിന്‍റെ നിഷ്കളങ്കത.
മേശപ്പുറത്തിരിക്കുന്ന
കണ്ണീര്‍ വറ്റിയ ഒരു പേന
എന്നെ നോക്കി ചിരിക്കുന്നു
അതിനുമുണ്ടായിരുന്നു
താരാട്ടു പാടിയ കൈകളില്‍
ഉറക്കം നടിച്ച ശൈശവവും,
പിന്നെ കുസൃതികള്‍ക്ക്
കൂട്ട് നിന്ന ബാല്യവും.

Pages

Search This Blog

Blogger Widgets