Friday, September 28, 2012

മഞ്ഞ്

ഭൂമിയെ ശുഭ്ര വസ്ത്രമണിയിച്ചു കൊണ്ട്
മഞ്ഞു പെയ്തു കൊണ്ടേയിരുന്നു.
നീല നിശീഥിനിയില്‍ ധവളിമയുടെ തിളക്കം
എന്റെ കാഴ്ചകള്‍ക്ക് കുളിരേകി..
എങ്കിലും ഞാന്‍ തിരയുകയായിരുന്നു

നീ എനിക്ക് സമ്മാനിച്ച മഞ്ചാടികുരുക്കള്‍.
മഞ്ഞിനെ ചികഞ്ഞു മാറ്റി ഞാന്‍
താഴോട്ടു പോയ്കൊണ്ടേയിരുന്നു.
മഞ്ഞില്‍ പുതഞ്ഞു ദേഹം 
മരവിക്കുമ്പോഴും
എന്റെ മിഴികള്‍ പരതുകയായിരുന്നു..
എന്റെ നിശ്വാസമേറ്റുരുകിയ
മഞ്ഞു പാളികള്‍ക്കടിയില്‍
നാം വരച്ച കളിക്കളങ്ങള്‍
മാഞ്ഞു പോയിരിക്കുന്നു .
ശിരസ്സില്‍ നിന്നുരുകി വീണ
മഞ്ഞു തുള്ളികള്‍ 
കാഴ്ചയെ മറയ്ക്കുകയാണ്
വെള്ളാരം കല്ലുകളുടെ വെണ്മയും
മഞ്ചാടി കുരുവിന്റെ ശോണിമയും
ഉള്കാഴ്ച്ചകള്‍ മാത്രമായി
മഞ്ഞു പാളികളുടെ ധവളിമയും
നിലാവിന്റെ നീലിമയും
മാഞ്ഞു പോയി.
രാത്രിയുടെ കറുത്ത നിറം 
എന്നെ പൊതിയുകയാണ്.

Pages

Search This Blog

Blogger Widgets